Kerala
കൊച്ചി: മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ ഇനി പിടിയിലാകാനുള്ളവർ അന്താരാഷ്ട്ര മനുഷ്യക്കടത്ത് - സെക്സ് റാക്കറ്റിലെ കണ്ണികളെന്നു കണ്ടെത്തൽ. ദുബായിലുള്ള കേസിലെ രണ്ടാം പ്രതി ഷംലയും അഞ്ചാം പ്രതി റഹ്മത്തുമാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നും സൂചനയുണ്ട്.
കേസിൽ മുംബൈയിൽനിന്നു പിടിയിലായ ഗുരുവായൂർ തൈക്കാട് മുട്ടത്ത് വീട്ടിൽ സിന്ധുവിന് (56) അന്താരാഷ്ട്ര മനുഷ്യക്കടത്ത്– സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സിന്ധുവിന്റെ നിർദേശപ്രകാരം ദുബായിൽ സെക്സ് റാക്കറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഷംലയും റഹ്മത്തുമാണ്. സിന്ധുവിനു ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നതും കണ്ടെത്തിയിട്ടുണ്ട്. നാലാം പ്രതി അലീന ഏബ്രഹാമിന്റെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഔറംഗസീബിന് സിന്ധു പണം അയച്ചുനൽകിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സിന്ധുവിന്റെ പക്കൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. പരാതിക്കാരിയായ യുവതിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ ദേഹോപദ്രവമേറ്റതായി പറയുന്നുണ്ട്.
സിന്ധുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. പൊന്നാനി സ്വദേശി മഞ്ജിമ (25) യടക്കം മൂന്നുപേരാണ് ഇതുവരെ അറസ്റ്റിലായത്. അലീന ഏബ്രഹാമിനെയും മഞ്ജിമയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
Kerala
മരട്: മോഡലിംഗിന്റെ പേരിലും ജോലി വാഗ്ദാനം ചെയ്തും പണം വാങ്ങി യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക വ്യാപാരത്തിനുപയോഗിച്ച കേസിലെ മുഖ്യപ്രതി ആലുവ തൈനോത്തില്‍ കടവില്‍ റോഡില്‍ താമസിക്കുന്ന ഗുരുവായൂര്‍ തൈക്കാട് സ്വദേശി സിന്ധു എന്ന സ്റ്റോയ്സിയെ ഇന്നലെ വൈകുന്നേരം കൊച്ചിയിലെത്തിച്ചു.
സെക്സ് റാക്കറ്റിന്റെ പ്രധാന ആസൂത്രകയായ ഇവരെ മുംബൈയിൽനിന്നാണു പോലീസ് പിടികൂടിയത്. ഇവരുടെ സംഘത്തിൽപ്പെട്ട രണ്ടുപേരെക്കൂടി പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസിലുള്ള അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുടെ ഇടപെടലുകളെയും പ്രതികളുടെ ഗുണ്ടാബന്ധങ്ങളെയുംകുറിച്ചുള്ള അന്വേഷണത്തിലാണു പോലീസ്.
സിന്ധുവിനെയും നിലവിൽ റിമാൻഡിലുള്ള അലീനയെയും മഞ്ജിമയെയും കസ്റ്റഡിയിൽ വാങ്ങി മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണു പോലീസ് ശ്രമിക്കുന്നത്.
ഫാഷൻ ഷോയുടെയും മോഡലിംഗിന്റെയും മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും പേരിൽ യുവതികളെ സിന്ധുവിന്റെ ദുബായിലുള്ള കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഏജന്റുമാരായാണ് അലീനയും മഞ്ജിമയും പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പേരിലായിരുന്നു ഫാഷൻ ഷോയുടെയും മോഡലിംഗിന്റെയും പരസ്യങ്ങളും മറ്റും നൽകി യുവതികളെ പ്രതികൾ ആകർഷിച്ചിരുന്നത്.
യുവതികളെ ദുബായിൽ എത്തിച്ചുകഴിഞ്ഞാൽ ഇവരുടെ ഫോട്ടോകൾ വാട്സാപ് വഴി കൈമാറിയായിരുന്നു സംഘം ഇടപാട് ഉറപ്പിച്ചിരുന്നത്. മയക്കുമരുന്ന് നൽകിയും മർദിച്ചും ഇരകളുടെ പ്രതികരണശേഷി നഷ്ടപ്പെടുത്തിയശേഷം ലൈംഗിക ചൂഷണത്തിനിരയാക്കുന്ന ദൃശ്യങ്ങൾ ഒളികാമറകൾ സ്ഥാപിച്ചാണ് പകർത്തിയിരുന്നത്.
ഈ ഇടപാടിലൂടെയും ലക്ഷങ്ങൾ കൈമാറിയിരുന്നുവെന്ന് പറയുന്നു.
Kerala
കൊച്ചി: മോഡലിംഗിന്റെ മറവില്‍ യുവതികളെ വിദേശത്തേക്ക് എത്തിച്ച് ലൈംഗിക ചൂഷണം നടത്തിയ കേസില്‍ സിനിമാ - സീരിയല്‍ താരങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. മുഖ്യപ്രതി സിന്ധുവിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി ചില താരങ്ങള്‍ക്ക് ബന്ധമുണ്ട് എന്നാണ് വിവരമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
സിന്ധുവിനെ ഇന്ന് മരട് പോലീസ് സ്റ്റേഷനില്‍ എത്തിക്കും. ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴിയാണ് സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് പങ്കുണ്ടെന്ന വിവരം ലഭിച്ചത്. ചില ബിസിനസുകളുടെയും സ്ഥാപനങ്ങളുടെയും മറവില്‍ നീക്കങ്ങള്‍ നടത്തുന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇതുവരെ ഒരു താരങ്ങളുടെയും പേരിലേക്ക് പോലീസ് എത്തിയിട്ടില്ല.
നടന്നത് സംഘടിതമായ കുറ്റകൃത്യമാണ് നടന്നതെന്നും പോലീസ് വ്യക്തമാക്കി. വിസിറ്റിംഗ് വിസയില്‍ വിദേശത്തേക്ക് എത്തിക്കുന്ന മോഡലുകളുടെ ചിത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് അയച്ചു നല്‍കിയാണ് ഡീല്‍ ഉറപ്പിക്കുന്നത്. സിന്ധുവാണ് കേസിലെ മുഖ്യപ്രതി. അലീന സിന്ധുവിന്റെ ഏജന്റ് ആണ്.
ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പിടിയിലായ പ്രതികള്‍ക്ക് കൊച്ചിയിലെ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പരാതിക്കാരിയെ പ്രതി അലീന വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശത്തില്‍ ഗുണ്ടയെക്കുറിച്ച് പറയുന്നുണ്ട്.
ഫാഷന്‍ ഷോയില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് അലീന മോഡലുകളെ ദുബായിലെത്തിച്ചത്. യുവതികളെ ലഹരി നല്കി മയക്കിയ ശേഷം ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതികളെ പലര്‍ക്കും കാഴ്ചവച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
National
ബംഗളൂരു: കർണാടകത്തിലെ റായ്ച്ചൂരിൽ നിർധന പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച പെൺവാണിഭ കേന്ദ്രം അടച്ചുപൂട്ടി പോലീസ്. സംഘത്തിലെ നടത്തിപ്പുകാരായ 11 പേരെ അറസ്റ്റ് ചെയ്തു. രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി.
റായ്ച്ചൂരിലെ മാൻവിയിൽ അവധി ദിവസങ്ങളിൽ മാത്രം പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രമാണ് പോലീസ് കണ്ടെത്തി അടപ്പിച്ചത്. തൊഴിൽരഹിരായ യുവതികൾക്ക് തൊഴിൽ ലഭ്യമാക്കി നൽകുന്നു എന്ന പേരിലായിരുന്നു പെൺവാണിഭ കേന്ദ്രത്തിന്റെ പ്രവർത്തനം.
നിർധനരായ യുവതികളെ കണ്ടെത്തുകയും തൊഴിൽ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തുമാണ് സംഘം പ്രവർത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഘത്തിന്റെ അടുത്തെത്തുന്ന യുവതികളെ പിന്നീട് ഭീഷണിപ്പെടുത്തി ഇവർ ലൈംഗികവൃത്തിയിലേക്ക് നിയോഗിക്കുകയായിരുന്നു.
തായപ്പ എന്നയാളാണ് സംഘത്തിന്റെ സൂത്രധാരൻ എന്ന് പോലീസ് വ്യക്തമാക്കി. പൊലീസ് പരിശോധനയ്ക്കെത്തുമ്പോൾ രണ്ട് യുവതികൾ ഇവിടെ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തി റെസ്ക്യൂ ഹോമിലേക്ക് മാറ്റി.
സംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി മാൻവി പോലീസ് അറിയിച്ചു. മറ്റിടങ്ങളിലും സമാന രീതിയിൽ ഇവർ പെൺകുട്ടികളെ വലയിലാക്കായിരുന്നോ എന്നതും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിൽ മോചിതയാകാൻ സഹായിച്ചത് മാഫിയ സംഘമെന്ന് പോലീസ്.
സാമ്പത്തിക തട്ടിപ്പു കേസിലാണ് ശ്രീതു ജയിലിൽ പോയത്. ലഹരിമരുന്ന് കടത്തും കച്ചവടവും മോഷണവും സെക്സ് റാക്കറ്റും നടത്തുന്ന സംഘമാണ് ശ്രീതുവിനെ ജയിലിൽനിന്നും പുറത്തിറക്കാൻ സഹായിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.
റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ശ്രീതുവിനെ ജാമ്യത്തിലിറക്കാൻ ബന്ധുക്കളും അടുപ്പമുള്ളവരും എത്തിയിരുന്നില്ല. ഇതേത്തുടർന്ന് ഏഴു മാസത്തിലധികമാണ് ശ്രീതു ജയിലിൽ കഴിഞ്ഞത്.
തുടർന്ന് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിൽ അറസ്റ്റിലായ ഇളയരാജ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേശിയും ഭാര്യയും ചേർന്നാണ് ശ്രീതുവിനെ ജയിലിന് പുറത്തിറക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് ആഡംബര കാറുകളിൽ കേരളത്തിലെത്തുന്ന ഇവർ മോഷണവും ലഹരിക്കച്ചവടവും നടത്തുന്നവരാണ്.
ശ്രീതുവിനെ ജാമ്യത്തിലിറക്കിയ ഇവർ തമിഴ്നാട് അതിർത്തിയോട് ചേർന്ന പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എത്തിക്കുകയായിരുന്നു. കഴക്കൂട്ടം, തുമ്പ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.
ശ്രീതുവിനെ ഉപയോഗിച്ച് തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിലരുമായി ഇവർ ബന്ധപ്പെട്ടതിന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബാലരാമപുരം പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ ഇവരെ ആരോ തട്ടിക്കൊണ്ടുപോയെന്ന് പ്രചരിപ്പിച്ചതായി പോലീസ് പറയുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്തെ ശ്രീതുവിന്റെ മകള്‍ രണ്ടുവയസുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.
ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇതിനു തടസമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഹരികുമാരിന് പിന്നാലെ കേസിൽ ശ്രീതുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ട് പോലീസുകാർ കസ്റ്റഡിയിൽ. പോലിസ് ഡ്രൈവർമാരായ ഷൈജിത്ത് ,സനിത്ത് എന്നിവരാണ് താമരശേരിയിൽ നിന്ന് പിടിയിലായത്. പുതിയ ഒളിസങ്കേതം തേടി പോകുന്നതിനിടെ നടക്കാവ് പോലീസാണ് ഇവരെ പിടികൂടിയത്.
ഇവരുടെ വാഹനം ഉൾപ്പെടെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. പിടിയിലായ പോലീസുകാർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ അമനീഷ് കുമാർ വിദേശത്താണ്. അമനീഷ് കുമാറാണ് കെട്ടിടം വാടകയ്ക്ക് വാങ്ങിയത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. നടത്തിപ്പുകാരായ മൂന്നു പേർ ഉൾപ്പടെ ഒമ്പത് പേരെയായിരുന്നു സെക്സ് റാക്കറ്റ് കേന്ദ്രത്തിലെ പരിശോധനയിൽ പിടികൂടിയത്.